വയനാട്ടിലെ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍

List of Donors for Kerala Flood Relief                                                           View Gallery

കൊല്‍ക്കത്ത : പ്രളയം തകര്‍ത്തെറിഞ്ഞ കേരളത്തിന് കൈത്താങ്ങാകാന്‍ കൊല്‍ക്കത്തയില്‍ നിന്നും മലയാളിക്കൂട്ടായ്മയും. പ്രളയമൊഴിഞ്ഞ് മാസം പിന്നിട്ടിട്ടും പ്രവാസിമലയാളികള്‍ പിറന്ന നാടിനോടുള്ള സ്‌നേഹവും കടപ്പാടും മറക്കുന്നില്ല. കൊല്‍ക്കത്തയില്‍ പ്രവര്‍ത്തിക്കുന്ന കൈരളി സമാജം പ്രവര്‍ത്തകരാണ് ഇപ്പോഴും ദുരിതാശ്വാസപ്രവര്‍ത്തനങ്ങളില്‍ സജീവമായി മുഴുകി നില്‍ക്കുന്നത്. ആഗസ്റ്റ് 20 നു ശേഷം ഇതുവരെയായി ഒന്നര കോടി രൂപയുടെ 100 ടൺ സാധനസാമഗ്രികള്‍ കൊല്‍ക്കത്ത കൈരളി സമാജം പ്രവര്‍ത്തകര്‍ കേരളത്തിലേക്കെത്തിച്ചു കഴിഞ്ഞു. അവശ്യമരുന്നുകള്‍, പുതിയ വസ്ത്രങ്ങള്‍, ഭക്ഷണസാധനങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍, ഓ. ആര്‍. എസ്, ബ്ലീച്ചിംഗ് പൗഡര്‍, ഡ്രൈ ഫ്രൂട്ട്‌സ് തുടങ്ങിയവയാണ് ആദ്യഘട്ടത്തില്‍ ശേഖരിച്ചത്. കൊല്‍ക്കത്ത കൈരളി സമാജം മാനേജിംഗ് ട്രസ്റ്റി ടി. കെ ഗോപാലന്‍, ഭാരതീയ വിദ്യാഭവന്‍ ഡയറക്ടര്‍ ഡോ. ജി. വി സുബ്രഹ്മണ്യന്‍, സമാജം പ്രസിഡന്റ് പി. വി വേണുഗോപാല്‍, സെക്രട്ടറി ടി. അജയ്കുമാര്‍, ജോയിന്റ് സെക്രട്ടറി ശ്രീകുമാര്‍ വി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. മലയാളികളില്‍ നിന്നും മറ്റ് അഭ്യുദയകാംക്ഷികളില്‍ നിന്നും പിരിച്ചെടുത്ത 2 ലക്ഷം രൂപ വയനാട് ജില്ലയിലെ ദി സുല്‍ത്താന്‍ ബത്തേരി ബാര്‍ അസോസിയേഷന് കൈമാറി. തുടര്‍ന്ന് 1 ലക്ഷം രൂപ കൂടി പിരിച്ചെടുത്ത് വേള്‍ഡ് മലയാളി ഫെഡറേഷന്റെ കോഴിക്കോട് ഘടകത്തിനും നല്‍കി. തുടര്‍ന്ന് കൊല്‍ക്കത്ത കൈരളി സമാജത്തിന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളില്‍ കളക്ഷന്‍ സെന്ററുകള്‍ തുറന്നു. ഗാര്‍ഡന്‍ ഹൈസ്‌കൂള്‍, ഭാരതീയ വിദ്യാഭവന്‍, ആന്ധ്രാ അസോസിയേഷന്‍ ഹൈസ്‌കൂള്‍, കൊല്‍ക്കത്ത കൈരളി സമാജം ഓഫീസ് എന്നിവിടങ്ങളിലായി സഹായ സ്വീകരണകേന്ദ്രങ്ങള്‍ തുടങ്ങി.

ഗാര്‍ഡന്‍ ഹൈസ്‌കൂള്‍, ഗാര്‍ഡന്‍ ഹൈസ്‌കൂള്‍ ഐസര്‍ കൊല്‍ക്കത്ത കാമ്പസ്, ഭാരതീയ വിദ്യാഭവന്‍ സാള്‍ട്ട് ലേക്ക്, ആന്ധ്രാ അസോസിയേഷന്‍ ആന്‍ഡ് ആന്ധ്രാ അസോസിയേഷന്‍ ഹൈസ്‌കൂള്‍, ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ സ്‌കൂള്‍, സൗത്ത് സിറ്റി ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ബിര്‍ല ഹൈസ്‌കൂള്‍ അലുംമ്‌നി അസോസിയേഷന്‍, ഹെറിട്ടേജ് ഇന്‍സ്റ്റിട്യൂട്ട് ഓഫ് ടെക്‌നോളജി, ഇന്ത്യന്‍ ഇന്‍സ്റ്റിട്യൂട്ട്‌സ് ഓഫ് സയന്‍സ് എഡ്യൂക്കേഷന്‍ ആന്‍ഡ് റിസര്‍ച്ച്, ഇന്ത്യന്‍ പ്ലൂളറലിസം ഫൗണ്ടേഷന്‍, കിഡ്‌സീ സ്‌കൂള്‍ കസബ, ലക്ഷ്മീപഥ് സിംഘാനിയ അക്കാദമി, നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് ആന്‍ഡ് ക്രൈം കണ്‍ട്രോള്‍ ഓര്‍ഗനൈസേഷന്‍ ടീം കൊല്‍ക്കത്ത, പര്‍പ്പിള്‍ ഫൗണ്ടേഷന്‍, സ്പന്ദന്‍ സംഗീത് ശിക്ഷാലയ, നാദിയ ഡിസ്ട്രിക് റൈസ് മില്‍ ഓണേഴ്‌സ് അസോസിയേഷന്‍, ട്രാവല്‍ ഏജന്റ്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സ്വയംഭര്‍, ഉപ്കാര്‍ തുടങ്ങിയ സ്ഥാപനങ്ങളും സംഘടനകളും അനവധി വ്യക്തികളും കേരളത്തിനാവശ്യമായ ദുരിതാശ്വാസ സാമഗ്രികള്‍ നല്‍കി.

കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ സഹകരണത്തോടെ കൊല്‍ക്കത്തയില്‍നിന്നും കൊച്ചിയിലേക്ക് കപ്പലിലും കൊല്‍ക്കത്ത പൊലീസിന്റെ സഹായത്തോടെ തിരുവനന്തപുരത്തേക്ക് വിമാനമാര്‍ഗ്ഗവും മരുന്നുകളും അവശ്യ ഭക്ഷ്യസാധനങ്ങളും അയച്ചു. ഇന്ത്യന്‍ റെയില്‍വേയുടെ സഹകരണത്തോടെ ഡോ. പി. ബി സലീം ഐ. എ. എസിന്റെ നിര്‍ദ്ദേശപ്രകാരം 7 വാഗണുകളിലായി റെയില്‍ മാര്‍ഗ്ഗവും കേരളത്തിലേക്ക് സാധനസാമഗ്രികള്‍ എത്തിച്ചുനല്‍കി. റോഡ് മാര്‍ഗ്ഗം അയച്ച ട്രക്കിന് ഹൗറ മുനിസിപ്പല്‍ കമ്മീഷണര്‍ ബിജിന്‍ കൃഷ്ണ ഐ. എ. എസ് ഫ്‌ളാഗ് ഓഫ് നിര്‍വ്വഹിച്ചു.
ഉരുള്‍പൊട്ടലിന്റെയും പേമാരിയുടേയും കനത്ത പ്രഹരം ഏററുവാങ്ങിയ വയനാട് ജില്ലയുടെ പുനരധിവാസപ്രവര്‍ത്തനങ്ങളിലാണ് കൊല്‍ക്കത്ത കൈരളി സമാജം കൂടുതല്‍ ശ്രദ്ധ വയ്ക്കുന്നത്. ദി സുല്‍ത്താന്‍ ബത്തേരി ബാര്‍ അസോസിയേഷന്‍, ഫ്രണ്ട്‌സ് ഓഫ് വയനാട് തുടങ്ങിയ പ്രാദേശിക സംഘടനകളുടെ സഹകരണത്തോടെയാണ് വയനാട് ജില്ലയിലെ ദുരിതാശ്വാസപ്രവര്‍ത്തനങ്ങളും പുനരധിവാസപ്രവര്‍ത്തനങ്ങളും ഏകോപിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്തുവരുന്നത്. ഇതിന് മേല്‍നോട്ടം നല്‍കുന്നതിനായി കൊല്‍ക്കത്ത കൈരളി സമാജം മാനേജിംഗ് ട്രസ്റ്റിയും കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ ഹൈസ്‌കൂള്‍ സി. ഇ. ഒ യുമായ ടി. കെ ഗോപാലന്‍ വയനാട്ടിലെത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി.

ആദ്യഘട്ടമായി റെയില്‍വേയിലൂടെയും ട്രക്കിലൂടേയും വയനാട്ടിലെത്തിച്ച അരി, വസ്ത്രം, ഭക്ഷ്യവസ്തുക്കള്‍, മരുന്നുകള്‍ തുടങ്ങിയവ വിവിധ സ്‌കൂള്‍ കോളജ് വിദ്യാര്‍ത്ഥികളുടെ സഹകരണത്തോടെ തരം തിരിച്ച് ജില്ലയിലുടനീളം വിതരണം ചെയ്തു. സുല്‍ത്താന്‍ ബത്തേരിയിലെ സെന്റ് മേരീസ് കോളജ് ഹയര്‍സെക്കന്ററി സ്‌കൂളിലെ എന്‍. എസ്. എസ് വിഭാഗവും മറ്റ് വിദ്യാലയങ്ങളിലെ സ്റ്റുഡന്റ് പൊലീസ്, എന്‍. സി. സി കേഡറ്റുകളും ആഴ്ചകളോളം തരം തിരിക്കാനും പായ്ക്ക് ചെയ്യാനും വിതരണം ചെയ്യാനും ഒപ്പം നിന്നു. സെപ്തംബര്‍ 17 ന് വയനാട് ഡിസ്ട്രിക് ലീഗല്‍ സര്‍വ്വീസ് അതോറിറ്റി സെക്രട്ടറി കെ. പി സുനിത ദുരിതാശ്വാസ സഹായത്തിന്റെ ജില്ലാതല ഉത്ഘാടനം വെണ്ണിയോട് വച്ച് നിര്‍വ്വഹിച്ചു. ടി. കെ ഗോപാലന്‍, ബാര്‍ അസോസിയേഷന്‍ പ്രതിനിധികളായ അഡ്വ. പി. വേണുഗോപാല്‍, അഡ്വ. ടി. എം റഷീദ്, അഡ്വ. സജി വര്‍ഗീസ്, അഡ്വ. ജോര്‍ജ്ജ് ജോസഫ്, അഡ്വ. ബാബു എം. ടി, അഡ്വ. അജി മാത്യു, അഡ്വ. രമേഷ് ബാബു, അഡ്വ. കെ. യു ബേബി തുടങ്ങിയവര്‍ കൈരളി സമാജം അംഗങ്ങളെ അനുഗമിച്ചു. വയനാട്ടിലെ ചേര്യംകൊല്ലി, അമ്മാറ, പൊഴുതന, കൈനാട്ടി, കമ്പളക്കാട്, പള്ളിക്കുന്ന്, വെണ്ണിയോട്, പടിഞ്ഞാറത്തറ, ബാണാസുര സാഗര്‍, കല്‍പ്പറ്റ, ബത്തേരി, ചുണ്ടേല്‍, മീനങ്ങാടി തുടങ്ങിയ പ്രദേശങ്ങള്‍ കൈരളി സമാജം സംഘം സന്ദര്‍ശിച്ചു. വലിയകുന്ന് കമ്യൂണിറ്റിഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ദുരിതാശ്വാസ കിറ്റുകളുടെ പ്രാദേശിക വിതരണം ടി. കെ ഗോപാലന്‍ നിര്‍വ്വഹിച്ചു.

വയനാട്ടിലെ മറ്റൊരു വലിയ ദുരന്തസാഹചര്യം വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളുടെ പഠനോപകരണങ്ങള്‍ നഷ്ടമായതാണെന്ന് പ്രദേശവാസികള്‍ ശ്രദ്ധയില്‍ പെടുത്തിയതനുസരിച്ച് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സിന്റെയും കൊല്‍ക്കത്തയിലെ ലേഡീസ് സ്റ്റഡി ഗ്രൂപ്പ് ചാരിറ്റബിള്‍ ട്രസ്റ്റിന്റേയും കൊല്‍ക്കത്ത കൈരളി സമാജത്തിന്റെയും ശ്രമഫലമായി 10 ലക്ഷം രൂപയുടെ ബാഗുകളും നോട്ടുബുക്കുകളും ഇന്‍സ്ട്രുമെന്റ് ബോക്‌സുകളും പെന്‍സിലുകളും പേനകളും സമാഹരിച്ച് രണ്ടാം ഘട്ടമായി വയനാട്ടില്‍ വിതരണം ചെയ്തു. സെപ്തംബര്‍ 26 ന് പനമരം ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ചേര്‍ന്ന യോഗത്തില്‍ വച്ച് കൊല്‍ക്കത്ത കൈരളി സമാജം പ്രതിനിധിയും എഴുത്തുകാരനുമായ സുസ്‌മേഷ് ചന്ത്രോത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണങ്ങളുടെ വിതരണോത്ഘാടനം നിര്‍വ്വഹിച്ചു. തുടര്‍ന്ന് പനമരം ജി. എല്‍. പി സ്‌കൂള്‍, അഞ്ചുകുന്ന് ഗാന്ധി മെമ്മോറിയല്‍ യു. പി സ്‌കൂള്‍, കണിയാംപറ്റ യു. പി സ്‌കൂള്‍, അമ്പാ എല്‍. പി സ്‌കൂള്‍ തുടങ്ങിയ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ നല്‍കി.

ഉരുള്‍പൊട്ടലില്‍ പൂര്‍ണമായും വീടുകളും സ്ഥലവും നഷ്ടമായ പൊഴുതന, അമ്മാറ തുടങ്ങിയ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച കൈരളി സമാജം പ്രവര്‍ത്തകര്‍ മറ്റൊരു ഭാരിച്ച ഉത്തരവാദിത്തം കൂടി ഏറ്റെടുത്തിട്ടാണ് മടങ്ങിയത്. വയനാട് ജില്ലയില്‍ പൂര്‍ണമായും വീടും സ്ഥലവും ഇല്ലാതായവര്‍ ഭൂമി കണ്ടെത്തി നല്‍കുകയാണെങ്കില്‍ അവര്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്ന പദ്ധതിയാണിത്. ഇതിനായി പഞ്ചായത്തിന്റെയും സന്നദ്ധ പ്രവര്‍ത്തകരുടേയും സാമുഹ്യപ്രവര്‍ത്തകരുടേയും സര്‍ക്കാരിന്റേയും സഹകരണം തേടും. സ്ഥലം ലഭ്യമാകുന്ന മുറയ്ക്ക് അര്‍ഹത നോക്കി വീടുകളുടെ നിര്‍മ്മാണം ആരംഭിക്കുമെന്ന് ടി. കെ ഗോപാലന്‍ അറിയിച്ചു.

< 2019 >
May
 • 05

  09:00 -13:00
  2019.05.05
  S M Nagar Saastha Samithy
  S M Nagar Govt. Housing Estate, P O Sarkarpool, Kolkata – 700143 (Near 13A Bus stand)

  Kairali Youth Fest 2019

  Audition 2

  Date: 5th  May, 2019

  Venue: S M Nagar Saastha Samithy

  Address: S M Nagar Govt. Housing Estate, P O Sarkarpool, Kolkata –        700143 (Near 13A Bus stand)

  Time: 9 AM onwards

  Reporting Time for Contestants: 8.30 AM

   

Follow Us on Facebook