മൂന്നാം വാര്‍ഷികാഘോഷവും ഓണാഘോഷങ്ങളും

കൊല്‍ക്കത്ത കൈരളി സമാജത്തിന്റെ മൂന്നാം വാര്‍ഷികവും ഓണാഘോഷങ്ങളും പ്രൗഢമായ സദസ്സിനെ സാക്ഷിനിര്‍ത്തി സെപ്തംബര്‍ 3ന് സമാപിച്ചു. കൊല്‍ക്കത്തയിലെ ബിഹാലയിലുള്ള ശരത് സദന്‍ ഓഡിറ്റോറിയത്തിലായിരുന്നു പരിപാടികള്‍.

വൈകിട്ട് 5 ന് ആരംഭിച്ച പരിപാടികള്‍ കലാമണ്ഡലം കൊല്‍ക്കത്തയുടെ സാരഥിയും പ്രശസ്ത നര്‍്ത്തകിയുമായ ഗുരു ഡോ. കലാമണ്ഡലം തങ്കമണിക്കുട്ടി ഉദ്ഘാടനം ചെയ്തു. നിര്‍ദ്ധനരും മനോരോഗികളുമായ തെരുവുജീവിതങ്ങള്‍ക്ക് അഭയം നല്‍കുന്ന ആശാബാഡിയുടെ സ്ഥാപകനും മദര്‍ തെരേസയുടെ അനുയായിയുമായ ശ്രീ ജോസഫ് ദാസ് മുഖ്യാതിഥിയായി. ഡോ. കലാമണ്ഡലം തങ്കമണിക്കുട്ടിക്കും ശ്രീ ജോസഫ് ദാസിനും ശ്രീ അസീസ് പെരിങ്ങോടിനും കൈരളി സമാജം ട്രസ്റ്റി ശ്രീ രാജീവ് നായര്‍ ഉപഹാരങ്ങള്‍ സമ്മാനിച്ചു. തളപ്പ് നാടകത്തിന്റെ കലാസംവിധായകന്‍ ശ്രീ ജയ്‌സണ്‍ ഗുരുവായൂര്‍ വരച്ച പെയിന്റിംഗ് ചടങ്ങില്‍ വച്ച് കൈരളി സമാജത്തിന് സമ്മാനിച്ചു. സാംസ്‌കാരിക സമ്മേളനത്തിന് ശ്രീ പി. വി വേണുഗോപാലന്‍ സ്വാഗതവും ശ്രീ ടി. അജയ്കുമാര്‍ നന്ദിയും പറഞ്ഞു.

കൊല്‍ക്കത്ത കൈരളി സമാജം വനിതാവിഭാഗം അവതരിപ്പിച്ച കൈകൊട്ടിക്കളി, കഴിഞ്ഞ ഒരു വര്‍ഷത്തെ കൈരളി സമാജത്തിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഡോക്യുമെന്ററി വീഡിയോ, ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ പാട്ടുകളെ ആധാരമാക്കി കലാമണ്ഡലം കൊല്‍ക്കത്തയിലെ നര്‍ത്തകികള്‍ അവതരിപ്പിച്ച നൃത്താഞ്ജലി, കൈരളി സമാജം കുടുംബാംഗങ്ങള്‍ അവതരിപ്പിച്ച നാടകം തളപ്പ് എന്നിവയാണ് ആഘോഷങ്ങളിലുണ്ടായിരുന്നത്.

കൈരളി സമാജത്തിന്റെ രൂപീകരണത്തില്‍ സമസ്ത മേഖലകളിലും തഴയപ്പെടുന്ന സ്ത്രീകളെ ശക്തരാക്കുക എന്ന ലക്ഷ്യമുണ്ടായിരുന്നു. നാടകത്തിലൂടെ മുന്നോട്ടുവച്ച സ്ത്രീശാക്തീകരണം എന്ന പ്രമേയത്തെ അന്വര്‍ത്ഥമാക്കും വിധത്തില്‍, കൊല്‍ക്കത്ത കൈരളി സമാജത്തിന്റെ സ്ത്രീ പ്രതിനിധികള്‍ അരങ്ങിലേക്കുയരുകയും അതുവഴി സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ ക്രിയാത്മകമായി ഇടപെടുകയും ചെയ്യുന്നു. ശ്രീജാ കൃഷ്ണദാസ്, ജ്യോതി ജയകുമാര്‍, ഊര്‍മിള നായര്‍, ഗീതാ ഗോപാലന്‍, ഇന്ദിര വേണുഗോപാല്‍, പി. വേണുഗോപാലന്‍, ടി. കെ ഗോപാലന്‍, അജയ്കുമാര്‍, ജയകുമാര്‍, എം. സി കരുണാകരന്‍, വി. ശ്രീകുമാര്‍ തുടങ്ങിയവര്‍ അരങ്ങിലെത്തി. വി. വി വേണുഗോപാല്‍, ശശിധരന്‍, ഗീതാ വേണുഗോപാല്‍ എന്നിവര്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചു.

കൈകൊട്ടിക്കളിയില്‍, ശ്രീജാ കൃഷ്ണദാസ്, സ്മിതാ വിജയന്‍, ചൈതന്യ ഗോപാലന്‍, ശ്രീലക്ഷ്മി മോഹന്‍ദാസ്, ഇന്ദിര വേണുഗോപാല്‍, ഗീതാ ഗോപാലന്‍, പുഷ്പ ശശിധരന്‍, ഗീതാ വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.

Visit Gallery