നീതു സി. സുബ്രഹ്മണ്യന് കവിതാ പുരസ്‌കാരം

തിരൂര്‍: തുഞ്ചന്‍ സ്മാരകത്തിന്റെ കൊല്‍ക്കത്ത കൈരളീസമാജം എന്റോവ്‌മെന്റ് പുരസ്‌കാരത്തിന് നീതു സി. സുബ്രഹ്മണ്യന്റെ പ്രണയപതാക എന്ന കവിതാ സമാഹാരം അര്‍ഹമായി. 15,000 രുപയും പ്രശസ്തിപത്രവും അടങ്ങിയ അവാര്‍ഡ് ഫെബ്രുവരി 17ന് വൈകീട്ട് തുഞ്ചന്‍ ഉത്സവ സമാപന സമ്മേളന വേദിയില്‍ ട്രസ്റ്റ് ചെയര്‍മാന്‍ എം.ടി. വാസുദേവന്‍ നായര്‍ സമ്മാനിക്കും.

മണമ്പൂര്‍ രാജന്‍ബാബു, പി.കെ. ഗോപി, ആലങ്കോട് ലീലാകൃഷ്ണന്‍ എന്നിവരടങ്ങിയ വിധിനിര്‍ണ്ണയ സമിതിയാണ് പുരസ്‌കാരാര്‍ഹമായ കൃതി തിരഞ്ഞെടുത്തത്. 28 കവിതകളുടെ സമാഹാരമാണ് പ്രണയപതാക. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ മലയാളം ഗവേഷക വിദ്യാര്‍ത്ഥിനിയാണ് എടപ്പോള്‍ പെരുമ്പറമ്പ് സ്വദേശിനിയായ നീതു. തുഞ്ചന്‍ സ്മാരക ട്രസ്റ്റിന്റെ ദ്രുതകവിതാ പുരസ്‌കാരം, എന്‍.വി. പുരസ്‌കാരം, അന്തര്‍സര്‍വ്വകലാശാല കവിതാപുരസ്‌കാരം, കുട്ടേട്ടന്‍ പുരസ്‌കാരം, കേരള കലാമണ്ഡലം കവിതാ പുരസ്‌കാരം, കേരള സാഹിത്യ അക്കാദമി കലാലയ പുരസ്‌കാരം, യുവധാര പുരസ്‌കാരങ്ങള്‍ എന്നിവ ലഭിച്ചിട്ടുണ്ട്.