ഒന്നിച്ചുനില്‍ക്കാം പിറന്ന നാടിനായി…

കേരളത്തില്‍ എന്നെങ്കിലും സംഭവിക്കുമെന്ന് നാമെല്ലാം ഇതുവരെ പ്രതീക്ഷിക്കാതിരുന്ന ദുരന്തമാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മളെ ബാധിച്ചുകൊണ്ടിരിക്കുന്നത്. പേമാരിയും പ്രളയവും മണ്ണിടിച്ചിലും കൊല്ലം മുതല്‍ വയനാട് വരെയുള്ള ജില്ലകളെ സാരമായി ബാധിച്ചു കഴിഞ്ഞു. അടുത്ത നാളിലൊന്നും നേരെയാക്കിയെടുക്കാനാവാത്ത വിധത്തില്‍ കേരളത്തിലെ ചെറുതും വലുതുമായ റോഡുകളും പാലങ്ങളും കെട്ടിടങ്ങളും വീടുകളും തകര്‍ന്നു നാശമായി. അനവധിയാളുകള്‍ക്ക് ജീവഹാനി സംഭവിച്ചു. വീടുകള്‍ പലയിടത്തും പൂര്‍ണമായും നശിച്ചു. ഇപ്പോഴും ആയിരക്കണക്കിനാളുകള്‍ ദുരിതാശ്വാസക്യാമ്പുകളില്‍ കഴിയുന്നു. എത്രനാള്‍ അവര്‍ക്ക് ഇത്തരം ക്യാമ്പുകളില്‍ തുടരേണ്ടിവരുമെന്ന് ഇപ്പോള്‍ പറയാനാവില്ല. മടങ്ങിച്ചെന്നാല്‍ത്തന്നെ എത്രപേര്‍ക്ക് വീടുണ്ടാവുമെന്നും ഭൂമിയുണ്ടാവുമെന്നും ഉറപ്പില്ല. ഇതെല്ലാം ഉള്ളവര്‍ക്കുതന്നെ ജീവിതം പഴയ പടിയിലേക്കെത്തിക്കുവാന്‍ മാസങ്ങള്‍തന്നെ വേണ്ടിവരും. അത്രത്തോളും ഗുരുതരമായ സ്ഥിതിവിശേഷമാണ് കേരളത്തിലങ്ങോളമിങ്ങോളമുള്ളത്. മാത്രമല്ല, വെള്ളക്കെട്ടിറങ്ങിയാല്‍ സംഭവിച്ചേക്കാവുന്ന പകര്‍ച്ചവ്യാധികളേയും നാം കരുതിയിരിക്കേണ്ടതുണ്ട്. സാംക്രമികരോഗങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ സകലസാധ്യതയുമുള്ള സമയമാണിത്.

സംസ്ഥാനം ഒറ്റക്കെട്ടായി നേരിടുന്നതുപോരാതെ കേന്ദ്രത്തിന്റെ സഹായവും ഈ അടിയന്തിര സാഹചര്യത്തില്‍ കേരളത്തിന് ലഭ്യമാകുന്നുണ്ട്. സ്വയം സന്നദ്ധരായി ജീവന്മരണ പോരാട്ടത്തിനിറങ്ങിയ രക്ഷാപ്രവര്‍ത്തകരും പൊലീസും ഇതര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും മന്ത്രിമാരും പ്രതിപക്ഷവും ഉള്‍പ്പെടെ വലിയ സംഘം ആളുകള്‍ ദുരന്തമുഖത്തുണ്ടെങ്കിലും ഒന്നുമൊന്നും മതിയാകാത്ത സാഹചര്യമാണുള്ളത്.

ഈ സന്ദര്‍ഭത്തില്‍ നമുക്ക് കേരളത്തിനായി കൈകോര്‍ക്കാം. വലിയ തോതില്‍ പണവും ഭക്ഷ്യവസ്തുക്കളും തുണികളും മറ്റ് അത്യാവശ്യവസ്തുക്കളും നാടിനാവശ്യമുണ്ട്. കുടിവെള്ളമുള്‍പ്പെടെയുള്ള അവശ്യവസ്തുക്കള്‍ ശേഖരിച്ച് വിതരണം ചെയ്യുന്നവരെ സഹായിക്കാന്‍ നമുക്ക് ബാധ്യതയുണ്ട്. അതിനാല്‍ ആവുന്ന സഹായം, പണമായോ മറ്റ് ഭൗതികസഹായങ്ങളായോ ഉടനടി ചെയ്യുക. ജീവകാരുണ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടിട്ടുള്ള സന്നദ്ധ സംഘടനകളിലേക്കോ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്കോ മറ്റ് സംരംഭകരുടെ ദുരിതാശ്വാസനിധിയിലേക്കോ സംഭവന ചെയ്യാം. സംഭാവനകള്‍ ഓണ്‍ലൈനായും അയക്കാം. വസ്ത്രങ്ങളും മറ്റും സമാഹരിച്ചു നല്‍കുവാന്‍ ശ്രമിക്കുന്നവര്‍ അതിനായി പുതിയ വസ്ത്രങ്ങള്‍ തന്നെ നല്‍കുവാന്‍ ശ്രദ്ധിക്കണം. സകലതും നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവരും നമ്മെപ്പോലെ മനുഷ്യരാണ്. സ്വത്തും പണവും ജീവതസൗകര്യങ്ങളും ഉണ്ടായിരുന്നവര്‍. അവരെ അഗതികളും പാപികളുമായി പരിഗണിക്കാതെ നമുക്കൊപ്പം തുല്യനില നല്‍കി സഹായഹസ്തം നീട്ടണം. അതിനാല്‍ പഴയ തുണികളും ഭക്ഷണസാധനങ്ങളും ദയവായി ദാനം ചെയ്യരുത്.

കൊല്‍ക്കത്ത കൈരളി സമാജം നടത്തുവാന്‍ നിശ്ചയിച്ചിരുന്ന ഓണപ്പരിപാടികളും നാലാം വാര്‍ഷികാഘോഷപരിപാടികളും കേരളത്തിലെ സാഹചര്യം കണക്കിലെടുത്ത് ഒഴിവാക്കിയിട്ടുണ്ട്. വിപുലമായ ഗാനമേളയും അക്ഷരപ്പൂക്കളം ഓണ്‍ലൈന്‍ മാസികയിലെ രചനകള്‍ അച്ചടിച്ച് പ്രസിദ്ധീകരിക്കുന്ന പുസ്തകത്തിന്റെ പ്രകാശനവും ഉള്‍പ്പെടെ വിപുലമായ പരിപാടികളാണ് തയ്യാറാക്കിയിരുന്നത്. എന്നിട്ടും എല്ലാ പരിപാടികളും ഞങ്ങള്‍ റദ്ദ് ചെയ്യുകയാണ്.

ഓണപ്പരിപാടികള്‍ നടത്തുന്നതിനായി സമാഹരിച്ചിരുന്ന തുക കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയക്കുവാനാണ് തീരുമാനം. അതുമാത്രം മതിയാവുകയില്ല. കഴിയുന്നത്ര ധനസഹായം ഈ ഘട്ടത്തില്‍ ആവശ്യമാണ്. ഞങ്ങള്‍, ഞങ്ങള്‍ക്ക് സ്വാധീനമുള്ള വ്യക്തികളില്‍നിന്നെല്ലാം ധനസമാഹരണം നടത്തുന്നതിന് ശ്രമങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. നേരിട്ട് പണം കൊടുക്കുന്നവര്‍ക്ക് അങ്ങനെയുമാകാം. അതിനു സാധിക്കാത്തവര്‍ ഞങ്ങള്‍ക്ക് കൈമാറുകയാണെങ്കില്‍ ഞങ്ങളത് ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കുന്നതാണ്.

കേരളത്തില്‍ സുരക്ഷിതരായി കഴിയുന്ന ബന്ധുജനങ്ങളോടും സുഹൃത്തുക്കളോടും ദുരിതാശ്വാസ ക്യാമ്പുകളില്‍ വാളന്റിയര്‍മാരായും ഭക്ഷണവും കുടിവെള്ളവും വസ്ത്രങ്ങളും ഉള്‍പ്പെടെയുള്ളവ തരം തിരിച്ച് വിതരണം ചെയ്യുന്ന സെന്ററുകളില്‍ സഹായികളായും പ്രവര്‍ത്തിക്കണമെന്ന് അഭ്യര്‍ത്ഥിക്കുക. ഇത് ഒന്നിച്ചുനിന്ന് നേരിടേണ്ടി ദുരന്തമാണെന്നത് മറക്കാതിരിക്കുക.

ടീം കൊല്‍ക്കത്ത കൈരളി സമാജം
17.8.2018

< 2019 >
February

Follow Us on Facebook