നന്ദിയിലൊതുങ്ങാത്ത കടപ്പാടുകള്‍

View Image Gallery…..

കനത്ത കാലവര്‍ഷവും പ്രളയക്കെടുതിയും തകര്‍ത്തെറിഞ്ഞ കേരളത്തിലെ ദുരിതബാധിതരെ രക്ഷിക്കുന്നതിനായുള്ള തീവ്രശ്രമങ്ങളിലായിരുന്നു കേരളത്തിനകത്തും പുറത്തുമുള്ള ഒട്ടനവധി സംഘടനകളെപ്പോലെ കൊല്‍ക്കത്ത കൈരളി സമാജവും. തീര്‍ച്ചയായും ഇന്ത്യയിലെ മറ്റു നഗരങ്ങളിലെപ്പോലെ മലയാളികള്‍ കൊല്‍ക്കത്തയിലില്ലാത്തതിനാല്‍ അവശ്യവസ്തു സംഘാടനവും പണപ്പിരിവും ആശാവഹമായിരിക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നില്ല. എങ്കിലും ഒരു രൂപയെങ്കിലും സമാഹരിച്ചു കൊടുക്കാന്‍ സാധിച്ചാല്‍ നമ്മള്‍ നിര്‍വ്വഹിക്കേണ്ട കടമയില്‍ അതൊരു വലിയ കാര്യമായിത്തീരുമെന്ന് ഉറപ്പിച്ചാണ് കൊല്‍ക്കത്ത കൈരളി സമാജം മുന്നിട്ടിറങ്ങിയത്.

കൈരളി സമാജത്തിലെ അംഗങ്ങളില്‍നിന്നും അംഗങ്ങളുടെ സുഹൃത്തുക്കളില്‍നിന്നും മറ്റും ലഭ്യമായത്രയും പണപ്പിരിവ് നടത്തുകയാണ് ആദ്യം ചെയ്തത്. അങ്ങനെ സമാഹരിക്കാന്‍ സാധിച്ച 2 ലക്ഷം രൂപ, വയനാട്ടിലെ വക്കീലന്മാരുടെ ദി സുല്‍ത്താന്‍ ബത്തേരി ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ നടത്തിവരുന്ന ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുവാന്‍ സാധിച്ചു. തുടര്‍ന്ന് സമാഹരിച്ച ഒരു ലക്ഷം രൂപ വേള്‍ഡ് മലയാളി ഫെഡറേഷന്റെ കോഴിക്കോട് ഘടകത്തിനു കൈമാറി. ഞങ്ങളുടെ അഭ്യര്‍ത്ഥന മാനിച്ച് ധനസഹായം നല്‍കിയ വ്യക്തികളും ഏറെയാണ്. അവരെയും ഈ സന്ദര്‍ഭത്തില്‍ നന്ദിപൂര്‍വ്വം ഓര്‍ക്കുന്നു. അക്കൂട്ടത്തില്‍ പലരുടേയും പേരുവിവരങ്ങള്‍ ലഭ്യമല്ല എന്നതും അറിയിക്കട്ടെ. പണം ശേഖരിച്ച് കൈമാറിയ സ്‌നേഹിതര്‍ പണമയച്ചവരുടെ പേരുവിവരങ്ങള്‍ കൂടി അറിയിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. അവയുടെ വിശദാംശങ്ങള്‍ തുടര്‍ന്ന് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നതാണ്.

പണപ്പിരിവ് മാത്രമായിട്ടൊതുക്കാതെ അവശ്യവസ്തുസമാഹരണത്തിലേക്കും മരുന്ന് ശേഖരണത്തിലേക്കും കൊല്‍ക്കത്ത കൈരളി സമാജം കടന്നു. അതിനായി പത്രങ്ങള്‍ വഴി വാര്‍ത്തകളും അറിയിപ്പുകളും നല്‍കി. ബംഗാള്‍ സര്‍ക്കാരില്‍ ജോലിയെടുക്കുന്ന മലയാളികളായ ഉദ്യോഗസ്ഥരുടെ സഹായവും തേടി. ഗാര്‍ഡന്‍ ഹൈസ്‌കൂള്‍, ഭാരതീയ വിദ്യാഭവന്‍, ആന്ധ്രാ അസോസിയേഷന്‍, ലേക്ക് ഗാര്‍ഡന്‍സില്‍ പ്രവര്‍ത്തിക്കുന്ന കൈരളി സമാജം ഓഫീസ് എന്നിവിടങ്ങളില്‍ കളക്ഷന്‍ സെന്ററുകള്‍ തുറന്നു. ഇതുവഴി വ്യക്തികളില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍നിന്നും ബംഗാളിലെ പൊതുജനങ്ങളില്‍നിന്നും കഴിയുന്ന സംഭാവനകള്‍ ശേഖരിക്കാനായി. ഫ്യൂച്ചര്‍ ഫൗണ്ടേഷന്‍ സ്‌കൂള്‍, സൗത്ത് സിറ്റി സ്‌കൂള്‍, ബിര്‍ല ഹൈസ്‌കൂള്‍ അലൂംമ്‌നി അസോസിയേഷന്‍, ഡോല്‍ന ഡേ സ്‌കൂള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ കൊല്‍ക്കത്ത കൈരളി സമാജത്തിന്റെ അഭ്യര്‍ത്ഥനയോട് സഹകരിച്ചു മുന്നോട്ടുവന്നത് വലിയ സഹായമായി.

കളക്ഷന്‍ സെന്ററുകളിലേക്ക് എത്തിയ അവശ്യവസ്തുക്കളായ മരുന്നും വസ്ത്രവും സാനിറ്ററി നാപ്കിനുകളും ഒ. ആര്‍. എസും ബ്ലീച്ചിംഗ് പൗഡറും മറ്റും വേര്‍തിരിച്ച് പാക്ക് ചെയ്യാന്‍ ദിവസങ്ങളോളം കൊല്‍ക്കത്ത കൈരളി സമാജം അംഗങ്ങളും അഭ്യുദയകാംക്ഷികളും പങ്കുചേര്‍ന്നു. മറ്റ് കളക്ഷന്‍ സെന്ററുകളില്‍നിന്നും സമാഹരിച്ച സാമഗ്രികള്‍ ഒന്നിച്ചുകൂട്ടിയത് ഗാര്‍ഡന്‍ ഹൈസ്‌കൂളിലാണ്. അവിടെ വച്ചാണ് ഫൈനല്‍ പാക്കിംഗ് ഉള്‍പ്പെടെയുള്ള പ്രധാന പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഗാര്‍ഡന്‍ ഹൈസ്‌കൂളിലെ അമ്പതോളം ജോലിക്കാരുടെ അഞ്ച് ദിവസത്തെ അക്ഷീണപ്രയത്‌നത്തിലൂടെയാണ് പാക്കിംഗ്, ലോഡിംഗ് ജോലികള്‍ ലക്ഷ്യം കണ്ടതെന്ന് സ്‌നേഹാദരങ്ങളോടെ പറയട്ടെ.

ഡ്രൈ ഫ്രൂട്ട്‌സും മരുന്നും ors ഉം സാനിറ്ററി നാപ്കിനും തുണികളും ഉള്‍പ്പെടുന്ന വലിയ 75 പാക്കറ്റുകള്‍ കപ്പലില്‍ കൊച്ചിയിലേക്ക് അയക്കാന്‍ സാധിച്ചത് കൊല്‍ക്കത്ത പോര്‍ട്ട് ട്രസ്റ്റിന്റെ സഹകരണത്തോടെയാണ്. ഇക്കൂട്ടത്തില്‍ എടുത്തുപറയേണ്ടത്, ഡാര്‍ജലിംഗ് ജില്ലയിലെ മുതിര്‍ന്ന മലയാളി ഐ. പി. എസ് ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ അവിടെ നടന്ന സന്നദ്ധപ്രവര്‍ത്തനങ്ങളാണ്. ഇങ്ങനെ സമാഹരിച്ച വസ്തുവകകളും കപ്പലിലയക്കുവാന്‍ സാധിച്ചു. ചരക്കുകപ്പലിന്റെ സേവനം സാധ്യമാക്കിത്തരാന്‍ മുന്‍കൈയെടുത്ത മലയാളി ഐ. എ. എസ് ഉഗ്യോഗസ്ഥര്‍ക്കും പോര്‍ട്ട് ട്രസ്റ്റിനും നന്ദി.

വിവിധ ഭാഗങ്ങളില്‍നിന്നായി സമാഹരിച്ച 800 കിലോ വരുന്ന 25 ഓളം പാക്കറ്റുകള്‍ (പ്രധാനമായും ദുരിതാശ്വാസക്യാമ്പുകളിലേക്കുള്ള അവശ്യമരുന്നുകള്‍) കാലതാമസമില്ലാതെ വിമാനമാര്‍ഗ്ഗം കേരളത്തിലേക്ക് അയക്കാന്‍ സഹായിച്ചത് കൊല്‍ക്കത്ത പൊലീസാണ്. കൊല്‍ക്കത്ത പൊലീസിന് നന്ദി.

വയനാട്ടിലെ വിവിധ ദുരിതാശ്വാസക്യാമ്പുകളിലേക്ക് അരിയും വസ്ത്രവും ആവശ്യമാണെന്ന് അറിയിച്ച സുല്‍ത്താന്‍ ബത്തേരി ബാര്‍ അസോസിയേഷന്‍ പ്രവര്‍ത്തകര്‍ക്കുള്ള സാധനസാമഗ്രികള്‍ വരും ദിവസങ്ങളില്‍ റോഡ് വഴി അയക്കാനാണ് തീരുമാനം. അവര്‍ക്കുള്ള 16 ടണ്‍ വരുന്ന അരിയും വസ്ത്രങ്ങളും വിദ്യാര്‍ത്ഥികള്‍ക്കുള്ള നോട്ടുബുക്കുകളും പഠനസാമഗ്രികളും മറ്റ് അവശ്യസാധനങ്ങളും നിറച്ച ട്രക്ക് ഈ ആഴ്ച തന്നെ വയനാട്ടിലേക്ക് പുറപ്പെടും.

ഒരുപക്ഷേ സമീപകാലത്തൊന്നും ബംഗാളില്‍നിന്നും മറ്റൊരു സംസ്ഥാനത്തിനുവേണ്ടി ഇത്രയധികം അവശ്യവസ്തു സംഭരണം നിര്‍വ്വഹിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. ഉറപ്പായും ഇത് കൊല്‍ക്കത്ത കൈരളി സമാജത്തിന്റെ മാത്രം പരിശ്രമമല്ല, കൊല്‍ക്കത്തയിലെ നല്ലവരായ മുഴുവന്‍ മലയാളികളും മനുഷ്യസ്‌നേഹികളും കൈയയച്ച് നല്‍കിയ സംഭാവനകള്‍ ഞങ്ങള്‍ ശേഖരിക്കുകയും അവയെ കേരളത്തിലെ സംഘടനകളും സര്‍ക്കാര്‍ സംവിധാനങ്ങളുമായി ബന്ധപ്പെട്ട് വേണ്ടിടങ്ങളിലേക്ക് അയക്കുകയുമാണ് ചെയ്തത്.

ഞങ്ങളുടെ അറിയിപ്പുകളോടും അഭ്യര്‍ത്ഥനകളോടും അനുഭാവപൂര്‍വ്വം പ്രതികരിച്ച മലയാളികളും സംഘടനകളും ദൃശ്യ പത്ര മാധ്യമങ്ങളും ഞങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തിന് നന്ദി പറയാതെ വയ്യ. നിങ്ങള്‍ നല്‍കിയ ഓരോ കടുകുമണിപോലും ഞങ്ങള്‍ ഉത്തരവാദിത്തത്തോടെ കേരളത്തിലെ അര്‍ഹരുടെ കൈകളിലേക്ക് ആദ്യഘട്ടമായി എത്തിച്ചിട്ടുണ്ട്. അടുത്തഘട്ടം അയക്കുന്നതിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നു.

ഓണാഘോഷങ്ങളും മറ്റ് വ്യക്തിഗത ആഘോഷപരിപാടികളും മാറ്റിവച്ചും ഒഴിവാക്കിയും ഈ അടിയന്തിര സന്ദര്‍ഭത്തില്‍ ഒന്നിച്ചുനിന്ന കൊല്‍ക്കത്തയിലെ സംഘടനകള്‍ക്കും വ്യക്തികള്‍ക്കും സമാനഹൃദയര്‍ക്കും വിശിഷ്യാ ഗാര്‍ഡന്‍ ഹൈസ്‌കൂള്‍ സ്റ്റാഫിനും ഞങ്ങള്‍ ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു. നമ്മള്‍ നല്‍കിയ സഹായം കേരളത്തിലെ സാഹചര്യത്തില്‍ ഒന്നുമാവുകയില്ലെന്നറിയാം. എന്നാലും കുറഞ്ഞ സമയത്തിനുള്ളില്‍ ഇത്രയെങ്കിലും സാധിച്ചു എന്ന ചാരിതാര്‍ത്ഥ്യം വളരെ വലുതാണ്.

ടീം കൊല്‍ക്കത്ത കൈരളി സമാജം
28. 8. 2018

< 2019 >
April
 • 28

  09:00 -13:00
  2019.04.28
  Andhra Association Hall
  13A , Shahnagar Road, Kolkata, West Bengal 700026

  Kairali Youth Fest 2019

  Audition 1

  Date: 28th April, 2019

  Venue: Andhra Association Hall

  Address: 13A ,Shahnagar Road, Kolkata, West Bengal 700026

  Time: 9 AM onwards

  Reporting Time for Contestants: 8.30 AM

   

Follow Us on Facebook